ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമോ? 45 വര്‍ഷത്തിനു ശേഷം സുപ്രീം കോടതി പരിശോധിക്കുന്നു

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമോ? 45 വര്‍ഷത്തിനു ശേഷം സുപ്രീം കോടതി പരിശോധിക്കുന്നു
ഇന്ദിരാഗാന്ധി /ഫയല്‍
ഇന്ദിരാഗാന്ധി /ഫയല്‍

ന്യൂഡല്‍ഹി: നാല്‍പ്പത്തിയഞ്ചു വര്‍ഷം മുമ്പ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനാപരമാണോയെന്ന് സുപ്രീം കോടതി പരിശോധിക്കുന്നു. 1975ലെ അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചു.

അടിയന്തരാവസ്ഥ പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അതിന്റെ പേരില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് 25 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് 94കാരിയായ വീറ സറിന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയ്ക്കു മേലുള്ള വലിയ ആഘാതമായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനമെന്ന് ഹര്‍ജിക്കാരിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു.

നാല്‍പ്പത്തിയഞ്ചു വര്‍ഷത്തിനു ശേഷം, അടിയന്തരാവസ്ഥാ പ്രഖ്യാപനം സാധുവായിരുന്നോയെന്ന പരിശോധന സാധ്യമാണോയെന്ന ചോദ്യമാണ് കോടതിക്കു മുന്നിലുള്ളതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി ഇക്കാര്യം പരിശോധിക്കും. നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു അടിയന്തരാവസ്ഥയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

1975 ജൂണ്‍ 25നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. 

അടിയന്തരാവസ്ഥയ്ക്കു മുമ്പ് മികച്ച തോതില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിരുന്ന തങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടായെന്ന് ഹര്‍ജിക്കാരി പറഞ്ഞു. ബിസിനസ് പൂര്‍ണമായും ഉപേക്ഷിച്ച് തങ്ങള്‍ക്കു രാജ്യത്തിനു പുറത്തു പോവേണ്ടി വന്നു. അടിയന്തരാവസ്ഥാക്കാലത്ത് പിടിച്ചുവച്ച സ്വത്തും മറ്റു വസ്തുവകകളും ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com